History

വി.കെ. രാജന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ - പുല്ലൂറ്റ്


തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ പുല്ലൂറ്റ് പ്രദേശത്തെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തെ മുന്‍നിര്‍ത്തി 1974 ലാണ് പുല്ലൂറ്റ് ഗവ. ഹൈസ്കൂള്‍ സ്ഥാപിതമായത്. സാമ്പത്തികമായും സാമുഹികമായും അത്രയൊന്നും മുന്‍പന്തിയിലല്ലാത്ത, തികച്ചും ഗ്രാമീണ അന്തരീക്ഷമുളള പുല്ലൂറ്റ് ദേശത്തെ കുട്ടികള്‍ അന്നുവരെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടി   3കി. മി. അപ്പുറമുളള കൊടുങ്ങല്ലൂരിനെയാണ് ആശ്രയിച്ചിരുന്നത്. കേരള സംസ്ഥാന മുന്‍ കൃഷിവകുപ്പ് മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ശ്രീ. വി.കെ. രാജന്റെ നേതൃത്വത്തിലുളള വികസനസമിതിയാണ് ഈ സ്കൂള്‍ സ്ഥാപിതമാകുവാന്‍ അക്ഷീണയത്നം ചെയ്തത്. വികസനസമിതിയുടെയും നല്ലവരായ നാട്ടുകാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും നിരന്തരപരിശ്രമത്തിന്റെയും സഹകരണത്തിന്റെയും ഫലമായി 1974 സെപ്റ്റംബര്‍ 4 ന് പുല്ലൂറ്റ് ഗവ. ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമായി. ഓലമേഞ്ഞ കെട്ടിടങ്ങളിലും സമീപത്തെ ഗവ. എല്‍. പി. സ്കൂളിലായാണ് ആദ്യം ക്ലാസ്സുകള്‍ നടന്നിരുന്നത്. 2010 ല്‍ സ്കൂള്‍ H.S.S ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

സ്ഥലപരിമിതിയും ഭൗതിക സാഹചര്യങ്ങളുടെ കുറവും ഏറെയുണ്ടങ്കിലും അക്കാദമിക് രംഗത്ത് നല്ല പ്രകടനം കാഴ്ചവെച്ചുകൊണ്ട് കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച സ്കൂളായി മാറുവാന്‍ പുല്ലൂറ്റ് ഹയര്‍ സെക്കന്ററി സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസരംഗം പുത്തന്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുകയും പൊതുവിദ്യാഭ്യാസമേഖല നിരവധി വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, വിദ്യാഭ്യാസ കലാ കായിക മേഖലളില്‍ സ്വന്തം കയ്യൊപ്പു പതിപ്പിച്ചുകൊണ്ട് പുല്ലൂറ്റ് പ്രദേശത്തിന്റെ അഭിമാനമായി ഈ സ്കൂള്‍ നിലനില്‍ക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. അര്‍പ്പണബോധമുളള അധ്യാപകര്‍- മികച്ച അധ്യയനം- വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍- സജീവമായ പി.ടി.എ -കലാ കായിക സാഹിത്യ മത്സരങ്ങള്‍- ക്വസ് മത്സരങ്ങള്‍- രക്ഷിതാക്കള്‍ക്കുളള  ക്ലാസ്സുകള്‍- എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്കുളള രാത്രികാല ക്ലാസ്സുകള്‍- കൗണ്‍സിലിംഗ് ക്ലാസ്സുകള്‍-സഹവാസക്യാമ്പുകള്‍-സ്കുളിന്റെ പ്രത്യേകതകള്‍ ഏറെയാണ്.  2013 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി .

വരും തലമുറകള്‍ക്കും വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കി പുല്ലൂറ്റ് പ്രദേശത്തിന്റെ അഭിമാനമായി നിലനില്‍ക്കുവാന്‍,പ്രതിജ്ഞാബദ്ധരായ ഒരു കൂട്ടം അധ്യാപകരുടെ സേവനം കൈമുതലാക്കി ഈ സ്കൂള്‍ മുന്നോട്ടുളള പ്രയാണം തുടരുകയാണ്..........

No comments:

Post a Comment